തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സർവകലാശാലകളിലേക്ക് വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതായി രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, ഫിഷറീസ് സമുദ്രപഠന സർവകലാശാല, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല, കേരള കാർഷിക സർവകലാശാല, മലയാളം സർവകലാശാല എന്നിവിടങ്ങളിലേക്കുള്ള വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം ഗവർണറുടെ സെക്രട്ടേറിയറ്റ് വെള്ളിയാഴ്ച പുറത്തിറക്കി.

ആറ് സർവ്വകലാശാലകൾക്കുള്ള പ്രത്യേക വിജ്ഞാപനമനുസരിച്ച്, യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകൾ പ്രകാരം ചാൻസലർ എന്ന നിലയിലുള്ള അധികാരം ഉപയോഗിച്ചും 2022 ഡിസംബർ 8 ലെ കേരള ഹൈക്കോടതിയുടെ വിധിക്ക് അനുസൃതമായും ഗവർണർ തീരുമാനമെടുത്തു.

വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം ശുപാർശകൾ സമർപ്പിക്കാൻ സമിതികളോട് നിർദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ സർവ്വകലാശാലകളുടെ ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ രാജ്ഭവനും കേരളത്തിലെ ഇടത് സർക്കാരും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ നീക്കം. ഗവർണറുടെ പുതിയ നീക്കത്തോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല.